Saturday, June 7, 2014

മീര






“ഹലോ”
അയാളെ ഓണ്‍ലൈൻ കണ്ടപ്പോൾ അവള്‍  സന്തോഷിച്ചു.
“ഹലോ”, അയാളുടെ മറുപടി വന്നു
“ഇന്നത്തെ പ്രതേകത എന്താണ് എന്ന് അറിയാമോ”? അവള്‍ കുറുംബോടെ ചോദിച്ചു. ചോദിക്കുമ്പോള്‍ തന്നെ അവൾക്ക് ഉറപ്പായിരുന്നു പല കാര്യങ്ങളും മറക്കുന്ന അയാള്‍ ഇത് ഓര്‍ക്കാൻ വഴിയില്ല എന്ന്.
“ഇയാളുടെ പിറന്നാള്‍ ആണോ ഇന്ന്” ? അയാള്‍ സംശയത്തോടെ ചോദിച്ചു
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പിറന്നാള്‍ ആശംസിച്ചത് മറന്നു പോയോ?
ചാറ്റ് ബാറില്‍ മൗനം
അയാളുടെ നിസ്സഹായത കണ്ടു അവള്‍ പറഞ്ഞു
“ആലോചിച്ചു തല പുണ്ണാക്കണ്ട മാഷേ, ഞാന്‍ തന്നെ പറയാം”
“ഇതേ ദിവസം, ഒരു വര്‍ഷം മുൻപേയാണ് മാഷ് ആദ്യമായ് എനിക്ക് മെയില്‍ അയച്ചത്. അതായതു നമ്മള്‍ ഓണ്‍ലൈന്‍ കണ്ടു മുട്ടിയതിന്‍റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്”
“ഇയാള് ആള് കൊള്ളാമല്ലോ” അയാളുടെ മറുപടി.
അവള്‍ ഓര്‍ത്തു, വളരെ പക്ക്വത നിറഞ്ഞ ഒരു മെയില്‍ ആയിരുന്നു അത്. അദ്ദേഹം എഴുതുന്ന ആദ്യനോവലിലെ കേന്ദ്ര കഥാപാത്രo ഒരു നര്‍ത്തകി ആണെന്ന്നും അതിനാല്‍ ഭരതനാട്യത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍, നൃത്തം അറിയാവുന്ന പലരേം തിരക്കി, അങ്ങനെ ആരില്‍ നിന്നോ എന്‍റെ മെയില്‍ id കിട്ടിയതാണന്നും, ബുദ്ധിമുട്ടില്ലെങ്കില്‍, മെയിലില്‍ കൂടി സംശയങ്ങള്‍ തീര്‍ത്തു തരാന്‍ കഴിയുമോ എന്ന്‍ ചോദിച്ചുകൊണ്ടുള്ള ഒരു മെയില്‍. മാസ്റ്റര്‍ ഡിഗ്രി അവസാന വര്‍ഷം, പുസ്തങ്ങളുടെ ഇടയില്‍ തലപുകഞ്ഞു ഇരിക്കുന്ന തനിക്കു ഒരു കൌതുമായി തോന്നി. എന്നാലും തന്‍റെ സ്വസ്സിദ്ധമായ കുറുംബിൽ ചോദിച്ചു,  ഇത് എനിക്ക് ഒരു പാര ആവില്ലേ മാഷേ എന്ന്. അന്ന് അദ്ദേഹം പറഞ്ഞതാണ്, നേരിട്ട് കാണാനോ, ഫോണില്‍ വിളിക്കാനോ ഒരിക്കലും ശ്രമിക്കില്ല എന്നും, മെയിലില്‍ കൂടിയോ, ചാറ്റില്‍ കൂടിയോ മാത്രം ബന്ധപെടു എന്നും. ഇന്ന് ഇപ്പോള്‍, ഒരു വര്‍ഷം ആകുന്നു, ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയി, കൂടുതല്‍ അടുത്തു, പരസ്പരം ചാറ്റ് ചെയ്യാതെ ഒരു ദിവസം തള്ളി നീക്കാൻ പറ്റാത്ത അവസ്ത ആയി, എന്നിട്ടു അന്ന് പറഞ്ഞ ആ വാക്ക് അദ്ദേഹം പാലിക്കുന്നു. ഇന്നു വരെ കാണാനോ, സംസാരിക്കാനോ അദേഹം ശ്രമിച്ചിട്ടില്ല.
“ഹലോ, ആരും ഇല്ലേ  അവിടെ” അയാളുടെ മെസ്സേജ് കണ്ടു അവള്‍ ഓര്‍മകളില്‍ നിന്നും തിരിച്ചെത്തി

“ഹി ഹി, ഞാന്‍ ഒന്ന് ഭൂതകാലം വരെ പോയി”  അവള്‍ പറഞ്ഞു.

“എന്നിട്ടു ഭൂതം എന്ത് പറഞ്ഞു” നർമത്തിൽ അയാളും മോശമല്ലായിരുന്നു
അതു അവള്‍ക് കൂടുതല്‍ പ്രചോദനമേകി “ഭൂതം പറഞ്ഞു, ഒരു വര്‍ഷം ആയില്ലേ, ഇത്ര അധികം അടുത്തില്ലേ, ഇനി തമ്മില്‍, കാണുകയോ, സംസാരിക്കുകയോ അവരുതോ എന്ന്”  അവള്‍ അവളുടെ മനസിലുള്ള ആഗ്രഹം ഒരു തമാശ എന്ന പോലെ പ്രകടിപ്പിച്ചു.
“ഉം”
“മാഷിന് ഒരു വെബ്കാം മേടിച്ചു വെച്ചുകൂടെ, അല്ലേല്‍ ഒരു ഫേസ്ബുക്ക്‌ id എങ്കിലും, ഇതിപ്പോള്‍, ഒരു പേരും, ഇമെയില്‍ idയും അല്ലാതെ അങ്ങയെ കുറിച്ച് എനിക്ക് എന്തറിയാം” ഒരു പരിഭവം പോലെ അവള്‍ പറഞ്ഞു.
“നിനക്ക് ഇനി എന്താണ് അറിയേണ്ടത്? എന്‍റെ പേര് അറിയില്ലേ?, ഞാന്‍ എന്താണ് എന്ന് അറിയില്ലെ? എന്‍റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയില്ലേ. ഞാന്‍ ചിന്തിക്കുന്ന പല കാര്യങ്ങള്‍ പോലും നീ ഊഹിച്ചു പറയാറില്ലേ. എന്‍റെ മനസ്സ് ഇത്ര അധികം മനസ്സിലാക്കിയ വേറെ ഒരാള്‍ ഈ ഭൂമുഖത് ഉണ്ടോ.”
“മണ്ണാംകട്ട” !!! ഇത്രേം ഒക്കെ അറിയാവുന്ന എനിക്ക് എന്താ കണ്ടാലും, സംസാരിച്ചാലും. മാനം ഇടിഞ്ഞു വീഴുമോ” അവള്‍ വിടാന്‍ ഭാവം ഇല്ലാത്ത മട്ടില്‍‍ പറഞ്ഞു.
“അതിനു കാണില്ല, സംസാരിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ” ഇത്ര നാളും മിണ്ടാതയും, കാണതയും ഇരുന്നില്ലേ, ഇനി നിന്നെ കാണുകയാണെങ്കിൽ  അതു നേരിട്ട് കണ്ടാല്‍ മതി എന്ന് തോന്നി. ഇനി നിന്‍റെ സ്വരം കേൾക്കുകയാണെങ്കിൽ, അതു നീ അരികില്‍ ഉള്ളപോൾ മതി, ഇപ്പോള്‍ ഈ കമ്പ്യൂട്ടറിൽ കൂടി കണ്ടു, ഫോണില്‍ കൂടി കേട്ട് അതിന്‍റെ ഒരു സുഖം കളയണ്ടാ എന്ന് തോന്നി.
അയാളുടെ മറുപടി കേട്ടപോൾ, താ൯ അദേഹത്തിന്‍റെ കഥയിലെ ഏതോ ഒരു കഥാപാത്രം ആണോ എന്ന് അവള്‍ക്കു തോന്നി പോയി. എഴുതുന്ന കഥയിലെ കഥാപത്രത്തെ മനസിലിട്ട്‌ താലോലിക്കുകയും, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവരില്‍ നിന്ന് അകല്‍ന്നു നില്ക്കാൻ ശ്രമിക്കുന്ന ഒരു കഥാകാരനെ പോലെ തോന്നി. മനസ്സില്‍ അങ്ങനെ ഒരു കരടു വന്നപ്പോള്‍ അവൾ  അയാളോട് ചോദിച്ചു “സത്യത്തില്‍ എന്നെ കാണണം എന്ന് ആഗ്രഹം ഇല്ലേ”?
അയാള്‍ ഒരു പുഞ്ചിരി മറുപടിയായി നല്‍കി, പിന്നിട് പറഞ്ഞു “ഇപ്പോള്‍ എന്‍റെ മനസ്സില്‍ രണ്ടേ രണ്ടുആഗ്രഹങ്ങൾ മാത്രമേ ഉള്ളു. ഒന്ന്‍, എന്‍റെ ഈ ആദ്യ നോവല്‍ പൂര്‍ത്തികരിച്ചു പ്രസാദനം ചെയ്യുക. രണ്ട്, അതിന്‍റെ ആദ്യ പ്രിന്‍റ് നിന്‍റെ കൈകളില്‍ ഏല്പ്പിക്കുക. ആ ഒരു നിമിഷം ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം ആയിരിക്കും.  അതിനു മുന്‍പേ കണ്ടു ആ കാത്തിരിപ്പിന്‍റെ സുഖം കളയണോ. അതേപോലെ, നോവല്‍ എഴുതി തീര്‍ക്കാ൯ ഇത് തന്നെ പോരെ എനിക്ക് ഒരു പ്രചോദനമായി.
അവള്‍ കുറച്ചു നേരത്തേക്ക് മൌനം പാലിച്ചു
പിന്നിട് കുറച്ചു നീരസം കലറന്ന ഭാവത്തില്‍ ചോദിച്ചു “അപ്പോള്‍ താങ്കളെ കാണാന്‍ വേണ്ടി ഞാന്‍ എന്താണ് ചെയേണ്ടത്?”
“ഹ ഹ” അ യാള്‍ ചിരിച്ചു
“എന്തേ എനിക്ക് പ്രചോദനം ആയിക്കൂടെ”
“തീര്‍ച്ചയായും, നീ ഇന്നലെ കൂടി പറഞ്ഞതെ ഉള്ളു, നീ   ഈയിടെയായി പഠിത്തം ഉഴപ്പുന്നു എന്ന്. മാസ്റ്റര്‍സ് പോലെ അല്ല mphil. നീ പഠിച്ചു mphilകാരി ആകു, ഞാന്‍ എന്‍റെ നോവലും എഴുതി തീര്‍ക്കാം. അടുത്ത വര്‍ഷം ഇതേ നാൾ നമ്മള്ക്ക് കണ്ടുമുട്ടാം കൂട്ടുകാരി.
എന്നാല്‍ പിന്നെ ഈ ചാറ്റിങ്ങും ഒരു കൊല്ലം കഴിഞ്ഞു മതി. മാഷ് പറഞ്ഞപോലെ ഞാന്‍ എന്‍റെ പഠിത്തത്തിൽ ശ്രദ്ധിക്കാം, മാഷ് പതുക്കെ കഥ ഒക്കെ എഴുതി, പ്രസാദനം ചെയ്തു എന്നെ കാത്തിരിക്കു. അവളുടെ നീരസം പതുക്കെ രോഷമായി മാറി.
“നിനക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടായെങ്കിൽ ഞാന്‍ തടസം പറയുന്നില്ല. ബുദ്ധിമുട്ടാണ്, എങ്കിലും സാരമില്ല. നിന്‍റെ പഠിത്തം നടക്കട്ടെ. അയാള്‍ ഉടന്‍ മറുപടി പറഞ്ഞു.
“അപ്പോള്‍ എന്നെ കൊണ്ട് കഥ എഴുതാനുള്ള ആവിശ്യം കഴിഞ്ഞു എന്ന് പറ” രോഷവും വിഷാദവും ഒരുമിച്ചു അവള്‍ക്കു അനുഭവപെട്ടു.
“ആവിശ്യം” ഉം.. അയാള്‍ അതു പറഞ്ഞു കുറെ മൌനംമായി..
അവളും മറുപടി ഒന്നും എഴുതിയില്ല..
അയാള്‍ എഴുതി..
“എല്ലാ ദിവസവും എന്‍റെ എല്ലാ തിരക്കുകളും മാറ്റി വെച്ച് നിന്‍റെ കൂടെ അല്പ സമയം. അതു എന്‍റെ “ആവിശ്യം” ആയി നിനക്ക് തോന്നിയെങ്കില്‍ നിനക്ക് അങ്ങനെ തന്നെ എടുക്കാം. കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് നീ പറയുന്നു നിനക്ക് ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുനില്ല, പഠിത്തം ഉഴപ്പുന്നു, എന്നോട് പല നിസാര കാര്യങ്ങള്‍ക്കു ദേഷ്യപെടുന്നു. ഇന്ന് അറിയാതെ നീ തന്നെ എന്നില്‍ നിന്ന് ഒരു അകല്‍ച്ച ആഗ്രഹിച്ചു, ഞാന്‍ അതിനു സമ്മതം മൂളി അത്ര മാത്രം.
രോഷവും സങ്കടവും കൊണ്ട് അവളുടെ ചിന്തകള്‍ പലവഴിക്ക് കാടുകയറി. നേരിട്ട് കാണണം സംസാരിക്കണം എന്ന് പറഞ്ഞതിനല്ലേ, താന്‍ നീരസത്തിൽ പറഞ്ഞ ഒരു നിസ്സാര കാര്യം അദേഹം ഇത്രയും ഊതി പെരുപ്പിച്ചത്. അതോ ഞാന്‍ ഇങ്ങനെ ഒന്ന് പറയാന്‍ കാത്തിരിക്കുയയിരുന്നോ എന്നനില്‍ നിന്നും പറന്നകലാൻ. എന്‍റെ സ്നേഹം അദേഹം മനസിലാക്കുന്നില്ലേ?. അദ്ദേഹമില്ലാതെ ഒരു ദിവസം തള്ളിനീക്കാന്‍ തനിക്കാവില്ല എന്ന് അറിയില്ലേ. അദ്ദേഹം ആരാണ് എന്താണ് എന്ന് പോലും എനിക്കറിയില്ല,  അദ്ദേഹത്തിന്‍റെ മനസ്സില്‍ താൻ ഉണ്ടോ എന്ന് പോലും അറിയില്ല. ഇത് എല്ലാം അദേഹത്തിന് ഒരു നേരംപോക്ക് മാത്രം ആണെങ്കിലോ..
“നീ അവിടെ തിരക്കാണ് എന്ന് തോന്നുന്നു. എനിക്ക് പോകാന്‍ സമയമായി. പഠിച്ചു മിടുക്കി ആയി Mphil പാസ്സാവുക” അയാളുടെ മെസ്സേജ് ചാറ്റ് ബാറില്‍ പ്രത്യക്ഷമായി..
പെട്ടന്ന് അവള്‍ക്കു എന്തോ നഷ്ടമാവുന്നത് പോലെ തോന്നി, അവള്‍ പെട്ടന്ന് ചോദിച്ചു
“നാളെ വരില്ലേ”
അയാള്‍ ഒരു പുഞ്ചിരി മറുപടിയായി നല്‍കി


--


പിറ്റേദിവസം
അവരുടെ പതിവ് ചാറ്റ് സമയം. അവള്‍ അയാളെ കാത്തു ലാപ്ടോപ്നു മുന്പില്‍ ഇരുന്നു. അവള്‍ മനസ്സില്‍ പറഞ്ഞു, ഇന്ന് ഇങ്ങു വരട്ടെ, ഇന്നലെ എന്തൊക്കെ ഗീര്‍വാണം ആണ് വിട്ടത് എന്ന് ചോദിക്കണം. എന്നെ പിരിഞ്ഞു ഒരു ദിവസം മാഷിന് പറ്റില്ല എന്ന് അറിയില്ലേ, പിന്നെ എന്തിനായിരുന്നു ഈ കോലാഹലം എല്ലാം.
അവള്‍ ലാപ്ടോപ് ക്ലോക്കിലേക്ക് നോക്കി, പത്തു മിനിറ്റ് കഴിഞ്ഞിരിക്കുന്നു. അവള്‍ മനസ്സില്‍ അയാളെ വിളിച്ചു “മടിയന്‍”
കുറെനേരം അവൾ ഇൻറർനെറ്റിൽ പരത്തി നടന്നു,
പഷേ അവളുടെ മനസ്സു അവിടെയെങ്ങും ആയിരുന്നില്ല.
കുറെ കഴിഞ്ഞു അകത്തു നിന്ന് അമ്മയുടെ സ്വരം
"നിനക്ക് ഇന്ന് കോളേജില്‍ പോകണ്ടേ ?"
സമയം ഒത്തിരി കഴിഞ്ഞത് അപ്പോൾ ആണ് അവൾ അറിഞ്ഞത്.
പോകുന്നതിനു മുൻപ് അവൾ അയാള്‍ക്ക്എഴുതി
"എത്ര തിരക്ക് ഉണ്ടേലും എനിക്കായ് സമയം മാറ്റിവെക്കുന്ന ആള് എവിടെ”?
--
ദിവസങ്ങൾ  ഒന്നെന്നായി പൊഴിഞ്ഞുവീണു .അവൾ അയാളുടെ ഒരുവരിക്കായി ദിവസവും കാത്തിരുന്നു. അവളുടെ മനസ്സു തുറന്നു അവളുടെ സ്നേഹം മുഴുവൻ അയാൾക്ക് എഴുതി. അവസാനമായി ദേഷ്യപ്പെട്ട ആനിമിഷത്തെ ഓർത്തു പഴിച്ചു.  ആദ്യം സങ്കടം, പിന്നെ ദേഷ്യം, പിന്നെ സ്വന്തം സമനില തെറ്റുന്നതായി അവള്‍ക് തോന്നി. അപ്പോളൊക്കെ അയാൾ അവസാനമായി പറഞ്ഞ വാക്കുകൾ അവളുടെ ഓര്‍മ്മയില്‍ എത്തും . പുസ്തകം തുറന്നു പഠിക്കാൻ ശ്രമിക്കും. അദേഹം പറഞ്ഞ പോലെ താൻ പഠിക്കാൻ വേണ്ടി മാറി നിൽകുന്നതാവുമോ അദേഹം ഇനി ? ഒരുകൊല്ലം കഴിയുമ്പോൾ എന്നെ കാണാൻ വരുമോ അദേഹം? അതോ അദേഹത്തിന്  എന്തെകിലും സംഭവിച്ചോ?  അത്ര നാള്‍ തന്‍ എങ്ങനെ തള്ളി നീക്കും? പുസ്തകത്തിൽ രണ്ടു തുള്ളി  കണ്ണുനീർ കണങ്ങള്‍ വീഴുമ്പോൾ അവൾ അറിഞ്ഞു, തന്‍റെ മനസ്സ്നിറയെ, എപ്പോളും അദേഹം മാത്രം ആണ് എന്ന് .
--
ദിവസങ്ങൾ മാസങ്ങളായി,. ഒരു ചെറിയ പ്രതീക്ഷ ദിവസവും രാവിലെ മെയിൽ തുറക്കുമ്പോൾ അവളിൽ ഉണ്ടായിരുന്നു.അയാളിൽ നിന്ന് ഒരുവരിയും കാണാതാവുമ്പോൾ, പ്രതീക്ഷ വേദനയായി മാറുന്നത് അറിഞ്ഞു.അവൾ  അവളുടെതായ ഒരു നിശബ്ദലോകത്തിലേക്ക്‌ ഊഴുന്നിറങ്ങി. കൂട്ടുകാരികള്‍ ഉണ്ടായിട്ടുകൂടെ അവള്‍ ഒറ്റപെട്ടു പൊതുസ്ഥലങ്ങിൽ അവളുടെ കണ്ണുകള്‍  എപ്പോഴും ആരെയോ തിരഞ്ഞു. അയാളും ഒത്തുള്ള ചില നല്ല നിമിഷങ്ങൾ ഓർത്തു ഒറ്റയ്കിരുന്നു ചിരിക്കും. പിന്നെ ഒരുനഷ്ടബോധം പിടിപെട്ട പോലെ മൂകമായി കരയും.ചിലപ്പോൾ അയാളെ ശകാരിച്ചു കുറെ എഴുതും, ചിലപ്പോൾ അയാളോടുള്ള സ്നേഹം വരിവരിയായി എഴുതും.വേദനകളുടെ ഏതോ ഒരുനാളിൽ അവൾ അവളുടെ പുസ്തകങ്ങളെ അഭയം പ്രാപിച്ചു .
--
Mphil തീസീസ്സമർപിച്ച കഴിഞ്ഞു ഒരു ദിവസം. പതിവു പോലെ പ്രതീക്ഷയുടെ ഒരുചെറുകണികയുമായി തന്‍റെ  മെയിൽ തുറന്ന അവൾ  അയാളുടെ ഒരു മെസ്സേജ് കണ്ടു സ്തബ്ധയായി.തന്‍റെ  കൈകാലുകൾ വിറക്കുന്നതായി തോന്നി അവള്‍ക്ക്.  കണ്ണുകളിൽ ഈറൻ പടര്‍ന്നെങ്കിലും, ഒരു ചെറുപുഞ്ചിരിയോട്കൂടി അവൾ അ മെയിൽ തുറന്നു .


ഒരു വരി മാത്രം.
"സിറ്റിയിലെ പാർക്കിനു എതിർവശത്തുള്ള കോഫിഷോപ്പിൽ നാളെ 10 മണിക്ക് ഒന്ന് വരുമോ"?
അവളിൽ സന്തോഷവും, സങ്കടവും എല്ലാം ഒരുമിച്ചു ഉടലെടുത്തു , ഒപ്പം ഒരു 100 ചോദ്യങ്ങളും  എവിടെ ആയിരുന്നു ഇത്രനാളും. എന്തേ ഒരു അപരിചിതനെ പോലെ ഒരു വരി മാത്രം. ഇത്രനാളും എനിക്ക് എന്ത് സംഭവിച്ചു എന്ന് ഒരിക്കൽ എങ്കിലും ആലോചിച്ചുണ്ടോ അദേഹം.എന്തൊക്കയോ മറുപടിയായി എഴുതി അവൾ, പിന്നീടു തോന്നി, എല്ലാം നേരിൽ കാണുമ്പോൾ ചോദിക്കാം. അദേഹത്തിന് തക്കതായ കാരണം ഉണ്ടെകിലോ? എഴുതിയതെല്ലാം മായിച്ചു അവൾ നാളെക്കായി കാത്തിരുന്നു.
--
9.30 ആയപ്പോൾ തന്നെഅവൾ കോഫിഷോപ്പിൽ എത്തി.അക്ഷമയോടെ വരുന്ന ഓരോരുത്തരെയും അവൾ നിരീഷിച്ചു.അവരിൽ  എല്ലാംഅവൾ അയാളെതേടി. ഒറ്റയ്ക്ക് ആരെയും കാണാതായപ്പോൾ അവൾ ക്ഷമയോടെ തന്‍റെ  കോഫിയുമായി കാത്തിരിപ്പു തുടർന്നു.
കുറെ നേരം കഴിഞ്ഞു കാണണം, വാതിൽ  തുറന്നു ഒരു സ്ത്രീ കടന്നുവരുന്നത് അവൾ ശ്രദ്ധിച്ചു . സാരി ആണ് വേഷം, 30-35 വയസു പ്രായം തോന്നിക്കും. അവർ നടന്നു അവളുടെ തൊട്ടടുത്തുള്ള കോഫി ടേബിൾലിൽ  ഇരുന്നു. എന്തോ അവരുടെ വേഷമോ, രീതിയോ അവളെ ആകർഷിച്ചു.  തന്‍റെ കോഫി നുണയുന്നതിനിടയിൽ അവളുടെ ശ്രദ്ധ അവരിൽ തന്നെ ആയിരുന്നു.  അവർ കൈയിലെ മൊബൈൽ ഫോണും, പുസ്തകവും ടേബിൾലിൽ  വെച്ച് എന്തോ ഓർഡർ കൊടുത്തു. അവരുടെ ചുണ്ടിൽ  ഒരുമൂളി പാട്ട് ഉണ്ടോ. കണ്ടിട്ട് ഒരു പാട്ടുകാരി ആണ്എന്ന് തോന്നുന്നു . തന്നെ ആരോ ശ്രദ്ധിക്കുന്നു എന്ന്തോന്നിയ പോലെ അവർ ചുറ്റുപാടും നോക്കിയപോൾ  അവൾ  അവരിൽ നിന്നും ശ്രദ്ധ തിരിച്ചു .
അവൾ തന്‍റെ വാച്ചിലേക്ക് നോക്കി. സമയം 10 ആകുന്നു. പിന്നെയും അവളുടെ ശ്രദ്ധ വാതിലേക്ക് തിരിഞ്ഞു . പലരും പിന്നെയും കടന്നു വന്നു .അതിൽ ഒറ്റക്ക് ഒരു പുരുഷനെ കാണാതെ ആയപ്പോൾ  നിരാശയോടെ കാത്തിരിപ്പു തുടർന്നു. തന്‍റെ രണ്ടാമത്തെ കോഫി ഓർഡർ ചെയ്തപ്പോൾ വലതുവശത്ത് ഒരു ഒഴിഞ്ഞ മൂലയിൽ ഒറ്റകിരിക്കുന്ന വേറെ ഒരു സ്ത്രീ അവളുടെ കണ്ണിൽപ്പെട്ടത്.  അവർ എപ്പോളും അവരുടെ മൊബൈലില്‍ എന്തോ കുത്തികുറിച്ചു ഇരിക്കുന്നു. മോഡേണ്‍ വേഷമാണ്. അധികമായ അവരുടെ ഒരുക്കം ആരേയും ഒന്ന് ആകർഷിക്കും. ഒരു എഴുത്തുകാരിയുടെ കണ്ണിൽകൂടി കാനുകയാണെകില്‍ അവരെ ഒരുനക്ഷത്രവേശ്യയായി ചിത്രീകരിക്കാം. തന്‍റെ ഏതോ സ്ഥിരകാരനെ പ്രതീഷിച്ചുള്ള ഇരുപ്പാണ്. അയാള്‍ക്കാവും അവൾ മെസ്സേജ് കുറിക്കുന്നത്
സമയം 10.15 .വാതിൽ  തുറന്നു ഒരുചെറുപ്പകാരൻ ഒരു ബോക്സുമയി അകത്തു കടന്നു. അയാളുടെ കണ്ണുകൾ കോഫിഷോപ്പിൽ ആരെയോ തിരയുന്നതായി അവള്‍ക്ക് തോന്നി തന്നെ കണ്ടതും അയാൾ തന്‍റെ നേരെ നടന്നടുക്കുനതായി തോന്നി. അവളുടെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങി.  ഈ  ചെരുപ്പകാരനെ ആണോ താൻ  കാത്തിരിക്കുന്നത്.  അവളുടെ അടുത്തെത്തിയതും അയാൾ അവളെ നോക്കി ചോദിച്ചു
മാഡത്തിന്റെ പേര് ?
ഒരു തെല്ല് അമ്പരപ്പോടെ അവൾ പറഞ്ഞു 

"മീര"
അയാൾ ഒരുചെറിയ മന്ദഹാസത്തോടെ തന്‍റെ കയിലുള്ള ബോക്സിൽ പരതി. അതിൽ നിന്നും ഒരു പുസ്തം എടുത്തു അവള്‍ക്ക് നേരെ നീട്ടി പറഞ്ഞു  "ഇത് മാഡത്തിനെ ഏല്‍പ്പിക്കാന്‍  പറഞ്ഞു "
അമ്പരപ്പ് വിട്ടുമാറാതെ അവൾ അത്കൈപറ്റി.
എന്ത് ചോദിക്കണം എന്നറിയാതെ അവള്‍ ഇരുന്നപോള്‍  അയാൾ പതുക്കെനടന്നകന്നു.
പുസ്തകം ഒരു കവർ കൊണ്ട് പൊതിഞ്ഞിരിക്കുന്നു
അതിൽ  ഇങ്ങനെ എഴുതിയിരുന്നു
"സ്നേഹപൂർവ്വം മീരക്ക്"  
അവൾ പെട്ടന്ന്കവർ വലിച്ചു കീറി പുസ്തകം പുറത്തെടുത്തു .
കറുപ്പും ചുമപും കൂടിയ കവർ പേജിൽ  പലസ്ത്രീകളുടെ രൂപം
പെയിന്‍റിംഗ്  മാതിരി ആ രൂപങ്ങളുടെ താഴെ വെളുത്ത് വലിയ അക്ഷരത്തിൽ പുസ്തകത്തിന്‍റെ പേര്


"കടംകഥകൾ"  (കഥാസമാഹാരം)
താഴെ എഴുത്തുകാരന്‍റെ പേരും


"വിഷ്ണു"
പുസ്തകത്തിൽ നിന്നും തല ഉയർത്തിയ അവൾ കണ്ടത്, തനിക്കു പാട്ടുകാരിയായി തോന്നിയ ആ സ്ത്രീയുടെ കൈകളിൽ തന്‍റെ കൈയിലിരിക്കുന്ന അതെ പുസ്തകം. പെട്ടന്ന് അവൾ തിരിഞ്ഞ് ഒഴിഞ്ഞ മൂലയിൽ  ഇരിക്കുന്ന സ്ത്രീയെ തിരഞ്ഞു. കയ്യിൽ അതെ പുസ്തകവുമായി അവർ നടന്നുനീങ്ങുന്നത്‌ അവൾ കണ്ടു.
അവൾ പുസ്തകത്തിൻറെ താളുകൾ പതുകെ മറിച്ചു .
മുഖവുര കഴിഞ്ഞ് അദ്ധ്യായങ്ങളുടെ പേജ്
എണ്ണം ഇട്ടപത്തു അദ്ധ്യായങ്ങൾ
1) സാവിത്രി
2) അന്ന
3) മൈമുന
4) മാർഗരെറ്റ്
5) മീര
കൂടുതൽ വായിക്കാൻ അവൾക്കു തോന്നിയില്ല. അവൾക്കു ഹൃദയം കൊത്തിനുറുക്കുന്ന ഒരു വേദന അനുഭവപ്പെട്ടു, പല പേരുകളിൽ ഒരു പേരായി അവളുടെ പേര് കണ്ടപ്പോള്‍  അവളുടെ കണ്ണുകൾ  നിറഞ്ഞു തുളുമ്പി.  തന്നെ അടുത്തുള്ളവർ ശ്രദ്ധിക്കും എന്ന് തോന്നിയപ്പോള്‍ സാരിതലപ്പിൽ അവൾ  മുഖംഒപ്പി.
മനസ്സിൽ ശക്തി സംഭരിച്ചു അവൾ ഇറങ്ങി  നടന്നു.
ടേബിളിൽ അവൾ ഉപേക്ഷിച്ച ആ പുസ്തകത്തിന്‍റെ പേജുകൾ ഫാനിന്‍റെ കാറ്റിൽ  മറിഞ്ഞു കൊണ്ടിരുന്നു
--



Saturday, September 22, 2012

അക്ഷരകൂട്ടങ്ങള്‍




സാര്‍, സ്റ്റേഷന്‍ എത്തി.
ബാലന്‍  മയക്കത്തില്‍  നിന്നും ഉണര്‍ന്നു.
സഹയാത്രികനോട് നന്ദി പറഞ്ഞു തിടുക്കത്തില്‍ ബോഗിയില്‍ നിന്നും ഇറങ്ങി.
അധികം തിരക്കില്ലായിരുന്നു സ്റ്റേഷനില്‍....
അയാള്‍ ചുറ്റുവട്ടമാകെ ഒന്ന്  കണ്ണോടിച്ചു.
അന്ന് നാടുവിട്ടു പോകുമ്പോള്‍ ഇവിടെ ഈ റെയില്‍വേ സ്റ്റേഷന്‍ ഇല്ല. 
തന്‍റെ ബാഗുകളുമായി ബാലന്‍ പതുക്കെ പുറത്തേക്കിറങ്ങി
ടാക്സി, ഓട്ടോക്കാരുടെ  ചെറിയൊരു തിരക്ക്  
ബാലന്‍ പുറത്തേക്ക്  നടന്നു

ബസ്സില്‍ പുറപ്പെടുമ്പോള്‍ അധികം തിരക്കില്ലയിരുന്നു
കുട്ടിക്കാലം മുതല്‍ ഇഷ്ടമുള്ള  സൈഡ് സീറ്റ്‌ തന്നെ കിട്ടി
കണ്ടക്ടര്‍ ഒരു സര്‍ക്കസ്സുകാരനെ പോലെ കൈ എങ്ങും തൊടാതെ  ആ കുലുങ്ങുന്ന  വണ്ടിയില്‍ തന്റെ അടുത്തേക്ക് വരുന്നത്  ബാലന്‍ കണ്ടു. 
"ടിക്കറ്റ്‌"
"ഒരു  ഇടത്വ " 
ടൌണിന്റെ തിരക്ക് കഴിഞ്ഞു ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്  ബസ്‌ പതുക്കെ ഇഴഞ്ഞു.
രാവിലെ പെയ്ത മഴയുടെ ഒരു നനുനനപ്പ് ചെടികളിലും മരങ്ങളിലും കാണാമായിരുന്നു.
ഇരുവശത്തും കണ്ണെത്താദൂരം വരെ പുഞ്ചപ്പാടങ്ങള്‍. 
ഒഴുകിയെത്തുന്ന കുളിര്‍ കാറ്റിന് മഴയുടെ ഗന്ധം 
മനസ്സ് ശാന്തമാക്കുന്ന ഒരു തലോടല്‍.

ബസ്സിറങ്ങി  അയാള്‍ പതുക്കെ നടന്നു
പുഞ്ചപ്പാടത്തിനു  നടുവില്‍ കൂടി നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു 
നഗരത്തിനു മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഗ്രാമത്തിന് വലിയ മാറ്റം സംഭവിച്ചിട്ടില്ല.
ഇപ്പോഴും വാഹനങ്ങള്‍  എത്തിപ്പെടാന്‍ വഴികള്‍ക്ക് വീതി പോരാ .
പടിപ്പുര  കഴിഞ്ഞു അകത്തേക്ക് കടക്കുമ്പോള്‍ അയാളുടെ മനസ്സൊന്നു പിടഞ്ഞു.
തന്റെ ബാല്യവും, അമ്മയുടെ ഓര്‍മകളും പെട്ടെന്ന്  മുന്നിലെത്തിയതുപോല്‍. 

പടിപ്പുര തുറന്ന ശബ്ദം കേട്ടിടാവണം, അകത്തുനിന്നു ഒരു സ്ത്രീ ശബ്ദം
ആരാ?
ബാലന്‍ ഉത്തരം ഒന്നും നല്‍കിയില്ല
സ്ത്രീ പുറത്തേക്കു വന്നു,
അമ്മായിക്ക് നന്നേ പ്രായമായിരിക്കുന്നു, പക്ഷെ ആരോഗ്യക്കുറവ് തോന്നിക്കുന്നില്ല.അയാള്‍ മനസ്സില്‍ പറഞ്ഞു.
അവന്‍ മുറ്റത്ത്‌ തന്നെ നിന്നു.
അമ്മായി തന്നെ സൂക്ഷിച്ചു  നോക്കുന്നത്  അയാള്‍ കണ്ടു.
ഇല്ല, പറയുന്നില്ല, അമ്മായിക്ക് മനസിലാകുന്നെങ്കില്‍   മനസ്സിലാവട്ടെ.  
"ബാലന്‍ അല്ലെ അത്" ? 
അമ്മായിയുടെ ചോദ്യം അയാളെ  ഒന്ന് ഞെട്ടിച്ചു.
അമ്മായിയുടെ കാഴ്ചക്കും ഓര്‍മ്മക്കും ഒരു കുഴപ്പവും ഇല്ലല്ലൊ. 
അവന്‍ അമ്മായിയുടെ അടുക്കലേക്ക് നടന്നു പറഞ്ഞു.
"ഈ പടിപ്പുര  കടന്നു എന്നെങ്കിലും നീ വരുമെന്ന് ഞാന്‍ ആഗ്രഹിച്ചു ബാലാ". 
അമ്മായി തന്നെ  ആശ്ലേഷിച്ചപ്പോള്‍  ഒരു ചെറിയ വിതുമ്പല്‍ ഉണ്ടായിരുന്നുവോ.
അകത്തേക്ക് നടക്കുമ്പോള്‍ അമ്മായി ചോദിച്ചു
"എത്ര വര്‍ഷമയെടാ നീ നാട്ടിലേക്ക് വന്നിട്ട്"?
"ഒരു മുപ്പതു വര്‍ഷത്തിനു അടുത്തായി കാണും"  അയാള്‍ പറഞ്ഞു
അമ്മയുടെ മരണശേഷം നാട്ടിലേക്ക് വരണമെന്ന് തോന്നിയിട്ടില്ല
"സുകുമാരന്‍ പറഞ്ഞു നിന്‍റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു " 
തന്‍റെ ബാഗ്‌ ഒരു മൂലയിലേക്ക് വെച്ച്  അവന്‍  അത് കേട്ട് മൂളി
"അവന്‍ വിളിക്കുമ്പോള്‍ ഒക്കെ നിന്‍റെ കാര്യം പറയുമായിരുന്നു"
ബാലന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന തന്‍റെ തറവാട് കണ്ണോടിച്ചു കാണുകയായിരുന്നു
"മക്കള്‍ ഇല്ലാത്ത നീ, സാവിത്രി കൂടി പോയതില്‍ പിന്നെ തികച്ചും  ഒറ്റക്കായി എന്ന് അവന്‍  എപ്പോഴും പറയുമായിരുന്നു
അമ്മായി തുടര്‍ന്നുകൊണ്ടേയിരുന്നു .
അവന്‍  മൂളി കേട്ടു.
കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തത് കേള്‍ക്കുമ്പോള്‍ ഉള്ള ബാലന്‍റെ അസ്വസ്ഥത കണ്ടിട്ടാവണം, അമ്മായി അതിനെ കുറിച്ച് കൂടുതല്‍ ഒന്നും സംസാരിച്ചില്ല.


കാപ്പി എടുക്കട്ടെ ബാലാ.
ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം അമ്മായി.
അവന്‍ന്‍ ഒരു തോര്‍ത്തുമായി പതുക്കെ പുഴവക്കത്തേക്ക്  നടന്നു.
പുഴയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളുടെ മനസ്സ്  ബാല്യത്തിലേക്കും , കൌമാരത്തിലേക്കും  പോയി.
അന്നും വാടി തളര്‍ന്ന ശരീരത്തിനും മനസ്സിനും ഈ പുഴ ഒരു ഉന്മേഷം പകരുമായിരുന്നു.
ഇന്നും ഈ പുഴ ബാലന്‍റെ മനസ്സിന് ഒരു ഉന്മേഷം നല്‍കിയ പോലെ തോന്നി.
കുളി കഴിഞ്ഞു തിരികെ നടക്കുമ്പോള്‍, ബാലന്‍റെ കണ്ണുകള്‍ ദൂരെയുള്ള സര്‍പ്പക്കാവിലേക്ക്  പതിഞ്ഞു.
വീടിന്‍റെ പടിപ്പുരയില്‍ നിന്നാല്‍ കാവിനടുത്ത് നില്‍ക്കുന്നവരെ കാണാന്‍ കഴിയും.
പടിപ്പുരയിലേക്ക് നോക്കിയപ്പോള്‍, അവിടെ കൌമാരത്തിലെ ബാലന്‍ അവളെ കാത്തു നില്‍ക്കുന്നതായി തോന്നി.
കാവിനു മുന്‍പില്‍ വെള്ള പട്ടു പാവാടയും, ബ്ലൌസും ധരിച്ചു അവള്‍ അവനെ കാത്ത് നില്‍ക്കുന്നു
അവന്‍ പതുക്കെ  കാവിനടുത്തെയ്ക്ക് നടന്നു.
ഓര്‍മ്മകള്‍ ബാലനെ മുപ്പതു വര്‍ഷം പിന്നിലേക്ക്‌ കൊണ്ടുപോയി. 


കാവിനുള്ളില്‍ അവളെ കാണാഞ്ഞു  അവന്‍  പതുക്കെ പുറത്തേക്കു നടന്നു
ഞാന്‍ ഇവിടെ ഉണ്ട് 
പ്രതിഷ്ടകളുടെ പുറകില്‍ നിന്ന് അവളുടെ സ്വരം അവന്‍ കേട്ടു
നീ എന്താ അവിടെ ചെയ്യുന്നേ? 
പ്രതിഷ്ടകളുടെയും അവയ്ക്ക്  തണലായ മരങ്ങളുടെയും പുറകിലേക്ക് അവന്‍ നടന്നു.
അവള്‍ അവിടെ ഒരു കല്ലില്‍ എന്തോ കൊത്തി എഴുതുന്നു
നീ എന്താ എഴുതുന്നെ?
ഞാനും നീയും ഒന്നായി ചേര്‍ന്നാല്‍ എന്തായി തീരുക?
അവന്‍ അറിയില്ല  എന്ന  മട്ടില്‍ തലയാട്ടി.
എന്നാല്‍ ഞാന്‍ ഇത് കൊത്തി എഴുതുന്നത്‌ വരെ നീ കാത്തിരിക്കു.
ഈ ജന്മം നിനക്ക് വേണ്ടി കാത്തിരിക്കാം, പഷേ നീ ഇത് കൊത്തി എഴുതാന്‍ കുറെ നാള്‍ എടുക്കുമല്ലോ പെണ്ണെ 
അവന്‍ അവളെ കളിയാക്കി
അവള്‍ പിണങ്ങി മുഖം തിരിച്ചു
ഒളികണ്ണില്‍  അവന്‍  അവള്‍ എഴുതുന്നത്‌ വായിക്കാന്‍ ശ്രേമിച്ചു 
അവള്‍ എഴുതാന്‍ തുടങ്ങിയിട്ടേ  ഉള്ളൂ .. "ബ" യുടെ  തുടക്കം കൊറിയത് അവനു കാണാന്‍ കഴിഞ്ഞു.

ബാലാ...
ആരോ ദൂരെ നിന്ന് തന്നെ വിളിക്കുന്നതായി ബാലന് തോന്നി
പടിപ്പുരയില്‍ നിന്ന് അമ്മായി ആണ്.
പ്രായമായിട്ടും അമ്മായിയുടെ കാഴ്ചക്കും ശബ്ദത്തിനും ഒരു കേടും ഇല്ല.
അവന്‍ കാവിന്‍റെ മുന്‍പില്‍ നിന്നും പതുക്കെ വീടിലേക്ക് നടന്നു..
അകത്തേക്ക് നടക്കുമ്പോള്‍ കാവിന്റെ മുന്‍പില്‍ ബാലനെ കണ്ടതു കൊണ്ടാവണം,  അമ്മായി പറഞ്ഞു
കാവില്‍ പണ്ടത്തെ പോലെ ആരും പോകാറില്ല ഇപ്പോള്‍
ഒക്കെ വല്ലാത്ത അവസ്ഥയിലാണ്, സൂഷിക്കണം, ഇഴജെന്തുകള്‍ ഒക്കെ ഉണ്ടാവും
അവന്‍ മൂളി കേട്ടു.  



ഇന്ന് തന്നെ പോകണോ ബാലാ 
അമ്മായിയുടെ ചോദ്യത്തില്‍ ഒരു വിതുമ്പല്‍ ഉണ്ടായിരുന്നുവോ
പോകണം അമ്മായി, യാത്ര ഇവിടുന്നു തുടങ്ങണം എന്ന് മനസ്സില്‍ കരുതിയിരുന്നു
എങ്ങോട്ടാണ് നിന്‍റെ യാത്ര, അമ്മായി ചോദിച്ചു
അറിയില്ല, പക്ഷെ മനസ്സ് ഒരു നീണ്ട യാത്രക്ക് ഒരുങ്ങി കഴിഞ്ഞു. ബാലന്‍ അമ്മായിയെ നോക്കി പുഞ്ചിരിച്ചു
അവന്‍ പടിപ്പുര  ഇറങ്ങാന്‍ തുടങ്ങുമ്പോള്‍  പുറകില്‍ നിന്ന് ഒരു വിളി
ബാലാ..
എന്താ അമ്മായി,  അവന്‍  അമ്മായിയുടെ കൈകള്‍ പിടിച്ചു ചോദിച്ചു
ബാലന്റെ  കണ്ണുകളിലേക്കു നോക്കി അമ്മായി പതുക്കെ പടിപുരയുടെ ഓരത്തേക്ക്  ഇരുന്നു
ബാലന്‍ താഴേക്കു ഇരുന്നു
ഒരു നീണ്ട നെടുവീര്‍പ്പിനു ശേഷം അമ്മായി തുടര്‍ന്നു
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ അവള്‍ ഇവിടെ വന്നിരിന്നു ബാലാ.
കുറെ നേരം എന്നോട് മിണ്ടിയും പറഞ്ഞും ഇരിക്കും, പിന്നെ കുറെ നേരം ആ കാവിനുള്ളിലും.
അയാള്‍ കേട്ട് കൊണ്ടിരുന്നു.
പല തവണ ചോദിച്ചിട്ടും അവളുടെ കുടുംബത്തിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല അവള്‍, പലപ്പഴും ഒഴിഞ്ഞു മാറി..
പറയാതെ ബാക്കി വെക്കാന്‍ അവളുടെ മനസിലെ ലക്ഷ്മണരേഖ ഇനിയും  ഭേദിക്കപെട്ടിട്ടില്ല എന്ന് തോന്നുന്നു 
ബാലന്റെ കണ്ണുകള്‍ നിറയുന്നത് അമ്മായി കണ്ടു
നിന്നെ കുറിച്ചായിരുന്നു അവളുടെ അന്വേഷണങ്ങള്‍  മുഴുവന്‍
കണ്ണുകള്‍ തുടച്ചു ബാലന്‍ എഴുന്നേറ്റു.
അമ്മായിയുടെ നെറുകയില്‍ ഒരു മുത്തം നല്‍കി  അവന്‍  നടന്നു.


കാവിനുള്ളില്‍ കടന്നപോള്‍ ആരോ സന്ധ്യാ ദീപം കൊളുത്തിയിരിക്കുന്നു .
നേരം അത്ര ഇരുട്ടിയിട്ടില്ല 
നാഗ ദൈവങ്ങളെ തൊഴുതു  അവന്‍   പിന്‍വശത്തേക്ക് നടന്നു.
കരിയിലകള്‍ മാറ്റി  അവന്‍  ആ കല്ലിനായി  തേടി..
സായന്തനത്തിന്‍റെ  നേര്‍ത്ത വെളിച്ചത്തില്‍ അവന്‍ അത് കണ്ടു.
കൊത്തി പൂര്‍ത്തിയാക്കിയ ആ  കല്ല്‌
"ബാലാമണി"
ഒരു നേര്‍ത്ത കാറ്റില്‍, അവളുടെ സ്വരം ഒഴുകി എത്തിയ പോലെ തോന്നി ബാലന്
"ബാലന്റെ  രമണി"
കാവില്‍ നിന്ന് ഇറങ്ങിയപ്പോള്‍  അവന്റെ   കണ്ണുകള്‍ പടിപ്പുരയിലേക്ക് നീണ്ടു.
അവിടെ അമ്മായി അപ്പോളും നില്പുണ്ടായിരുന്നു
ബാലന്റെ മുഖത്തു  ഒരു നേര്‍ത്ത പുഞ്ചിരി വിടര്‍ന്നു.